കെഎസ്ആര്‍ടിസിയില്‍ ആദ്യയാഴ്ച പെന്ഷന്: പുനഃപരിശോധനാ ഹര്‍ജിയില്‍ നോട്ടീസ്
Saturday, September 23, 2023 3:18 AM IST
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ച ജീവനക്കാര്‍ക്ക് എല്ലാ മാസവും ആദ്യയാഴ്ച പെന്ഷന് നല്കാന് സര്‍ക്കാര്‍ അഥോറിറ്റിക്ക് ബാധ്യതയുണ്ടെന്ന ഉത്തരവ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്.
ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രണ്ട് നല്കിയ ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് വിരമിച്ച ജീവനക്കാരുടെ പെന്ഷന് സര്‍ക്കാര്‍ അഥോറിറ്റി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇത്തരമൊരു ബാധ്യത സര്‍ക്കാരിനില്ലെന്നും പെന്ഷന് നല്‍കാനുള്ള ചുമതല സര്‍ക്കാരിനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.
കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കാനാവില്ല. സര്‍ക്കാരിന് പെന്ഷന് നല്‍കാനാവില്ല. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായം മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പെന്ഷൻ ബാധ്യത ഏറ്റെടുക്കുന്നുവെന്ന് ഇതിനര്‍ത്ഥമില്ലെന്നും സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.