കോയമ്പത്തൂരിൽ വീണ്ടും പോരിനിറങ്ങാൻ ഉലകനായകൻ
Friday, September 22, 2023 3:40 PM IST
ചെന്നൈ: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ പോരിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് സൂപ്പർതാരം കമൽ ഹാസൻ. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മത്സരിച്ച ഹാസൻ, വെറും 1,728 വോട്ടുകൾക്ക് അകലെ നഷ്ടമായ വിജയം ലോക്സഭാ പോരിലൂടെ നേടിയെടുക്കാനാകും ശ്രമിക്കുക.
മക്കൾ നീതി മയ്യം(എംഎൻഎം) കോയമ്പത്തൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ പൊതുയോഗത്തിനിടെയാണ് ഹാസൻ ഈ പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് കോയമ്പത്തൂരിൽ മത്സരിക്കാനുള്ള പദ്ധതി ഹാസൻ വെളിപ്പെടുത്തിയത്.
തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും എംഎൻഎം പ്രവർത്തകർ തയാറായി ഇരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ മുന്നണിയുടെ നിലപാടുകളുമായി അടുത്തുനിൽക്കുന്ന ഹാസൻ പ്രതിപക്ഷ കൂട്ടായ്മയിൽ അംഗമാകുമെന്ന് സൂചനകളുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണം ലഭ്യമല്ല.
ഇന്ത്യ മുന്നണിയിൽ ഹാസൻ ചേർന്നാൽ, നിലവിൽ കോയമ്പത്തൂർ സീറ്റ് കൈവശം വച്ചിരിക്കുന്ന സിപിഎമ്മിനെ ഡിഎംകെ തഴയുമോ എന്ന ചോദ്യവും ഇതിനിടെ ഉയർന്നുകഴിഞ്ഞു.