നീലേശ്വരത്ത് വീട്ടിൽക്കയറി അതിഥി തൊഴിലാളിയുടെ ആക്രമണം
Friday, September 22, 2023 2:06 PM IST
കാസർഗോഡ്: നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽക്കയറി അതിഥി തൊഴിലാളിയുടെ ആക്രമണം. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ കർണാടക സ്വദേശിയായ യുവാവാണ് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. ഈ സമയം ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമാണ് വീട്ടിലുണ്ടായിരുന്നത്.
പുറകുവശത്തുകൂടി വീടിനുള്ളിൽ കയറിയ ഇയാൾ അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശി. ഇതോടെ ഇരുവരും മുറിയിൽ കയറി വാതിൽഅടയ്ക്കുകയായിരുന്നു. ഉടൻതന്നെ ഇവർ പോലീസിൽ വിവരമറിയിച്ചു.
പോലീസെത്തിയപ്പോൾ ഇയാൾ ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് സൂചന.