വനിതാ സംവരണം നടപ്പിലാക്കുന്നത് ബിജെപി വൈകിപ്പിക്കുന്നു: രാഹുൽ ഗാന്ധി
Friday, September 22, 2023 1:22 PM IST
ന്യൂഡൽഹി: മണ്ഡല പുനർനിർണയം, സെൻസസ് എന്നിവയുടെ പേരിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് വൈകിപ്പിച്ച് ജാതി സെൻസസ് എന്ന ആവശ്യത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
ബിൽ നടപ്പിലാക്കണമെങ്കിൽ മണ്ഡല പുനർനിർണയം, സെൻസസ് എന്നിവ പൂർത്തിയാക്കണമെന്ന ബില്ലിലെ ഫുട്നോട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് രണ്ടും പൂർത്തിയാക്കാൻ വർഷങ്ങളെടുക്കും. വനിതാ സംവരണം ഉടനടി നടപ്പിലാക്കാൻ കഴിയുന്ന ഒന്നാണെങ്കിലും സർക്കാരിന് അതിന് താൽപര്യമില്ല.
ബിൽ അവതരിപ്പിച്ചെങ്കിലും ഇത് നടപ്പിലാക്കാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. എന്നെങ്കിലും ബിൽ നടപ്പിലാക്കുമോ എന്നും ഉറപ്പില്ലെന്നും രാജ്യത്തെ സ്ത്രീകൾ ഇത് മനസിലാക്കണമെന്നും രാഹുൽ പ്രസ്താവിച്ചു.
ഒബിസി സ്നേഹം പ്രകടിപ്പിക്കുന്ന മോദി, കാബിനറ്റിൽ എത്ര ഒബിസിക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുൽ ചോദിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് വനിതാ സംവരണ ബിൽ പാസാക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്. ആ ബില്ലിൽ ഒബിസി വിഭാഗത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്താൻ സാധിക്കാതിരുന്നതിൽ കുറ്റബോധമുണ്ട്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.