ഇന്നും ശക്തമായ മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Friday, September 22, 2023 12:15 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും മഴയ്ക്ക് കാരണം. ഇന്ന് വടക്കൻ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളിലാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. കോമോറിന് മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ പെയ്തു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.