മഴയ്ക്ക് ശമനം; ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ തടസങ്ങൾ നീക്കി
Thursday, September 21, 2023 9:15 PM IST
കോട്ടയം: കോട്ടയത്ത് കിഴക്കൻ മലയോര മേഖലയിൽ മഴയ്ക്ക് ശമനം. മഴ കുറഞ്ഞതോടെ റോഡിലെ തടസങ്ങൾ നീക്കി ഈരാറ്റുപേട്ട-വാഗമണ്‍ റോഡിൽ കുടുങ്ങി കിടന്ന വാഹനങ്ങൾ കടത്തിവിട്ടു. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ രാത്രിയാത്രാ നിരോധനം തുടരും.
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.
വൈകുന്നേരം 5.30 ഓടെയാണ് കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മലവെള്ളപ്പാച്ചിലിൽ 10 മീറ്ററോളം റോഡ് ഒലിച്ചുപോയിരുന്നു.
ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തലനാട്ടിലും തീക്കോയിയിലും വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ഈരാറ്റുപേട്ടയ്ക്കു സമീപം തലനാട് പഞ്ചായത്തിലെ വെള്ളാനിയിലാണ് ഉരുള്‍പൊട്ടിയത്. തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, വെള്ളികുളം, ആനിപിലാവ്, മംഗളഗിരി എന്നിവിടങ്ങളില്‍ വലിയ മണ്ണിടിച്ചിലുമുണ്ടായി.
തീക്കോയി-മംഗളഗിരി റോഡിലും വെള്ളാനി-ആനിപിലാവ് റോഡിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ മീനച്ചിലാറിന്റെ കൈവഴികളിൽ ജലനിരപ്പ് ഉയര്‍ന്നു. ചാത്തപുഴ പാലത്തില്‍ വെള്ളം കയറിയ നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെപെട്ടു.
ചാമപ്പാറ, ചാത്തപ്പുഴ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇവരെ വെള്ളികുളം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്.