കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടെത്തി
Thursday, September 21, 2023 7:03 PM IST
വയനാട്: കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടെത്തി. ഗുരൂവായൂർ പടിഞ്ഞാറെ നടയിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ പോലീസ് കണ്ട്രോൾ റൂമിലേക്ക് മാറ്റി.
ഇവർ തൃശൂരിലുള്ളതായി നേരത്തെ പോലീസിനു വിവരം ലഭിച്ചിരുന്നു. ഷൊർണൂരിലുള്ള ബന്ധുവിൽനിന്നും പണം വാങ്ങിയശേഷമാണ് ഇവർ തൃശൂരിലേക്ക് തിരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ അമ്മയും മക്കളും കോഴിക്കോട്ട് എത്തിയതായി സൂചന ലഭിച്ചതിനെ തുടർന്നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പോലീസ് പരിശോധന നടത്തിയിരുന്നു. പരശുറാം എക്സ്പ്രസിലും നേത്രാവതി എക്സ്പ്രസിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തൃശൂരിലുള്ളതായി വിവരം ലഭിച്ചത്. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായത്.
ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനു പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.