കോട്ടയത്തിന്റെ മലയോര മേഖലകളിൽ ശക്തമായ മഴ
Thursday, September 21, 2023 6:43 PM IST
കോട്ടയം: ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴയെത്തുടർന്ന് മീനച്ചിലാറിന്റെ കൈവഴികളിൽ നീരൊഴുക്ക് ശക്തമായി. തീക്കോയി, തലനാട്, അടുക്കം, മേലടുക്കം, ചാമപ്പാറ മേഖലകളിലാണ് മണിക്കൂറുകളായി ശക്തമായ മഴ പെയ്യുന്നത്.
അതിനിടെ ഒറ്റയീട്ടിക്ക് സമീപം കാർ മലവെള്ളപ്പാച്ചിലിൽ പെട്ടു. പൂഞ്ഞാർ മേഖലയിൽ ഉരുൾപൊട്ടിയതായും റിപ്പോർട്ടുണ്ട്. തലനാടിന് സമീപം മേസ്തിരിപടിയിൽ റോഡിൽ വെള്ളം കയറിയെന്നാണ് വിവരം. വാഗമൺ റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
മലയോരത്തെ ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇതുവരെ ഒരിടത്തും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല. ജില്ലയുടെ മലയോര മേഖലകളിൽ രാത്രി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.