മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത് തന്നെ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Thursday, September 21, 2023 5:24 PM IST
അടൂര്‍: ഏനാത്ത് കടികയില്‍ ഒമ്പതു വയസുകാരന് മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മകന് മെല്വിന് (ഒമ്പത്) ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
പിതാവ് എന്തോ വസ്തു ഉപയോഗിച്ച് കഴുത്ത് ഞെരിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പിതാവ് മാത്യു പി. അലക്സ് തൂങ്ങി മരിക്കുകയായിരുന്നു.
ഏനാത്ത് വടക്കടത്തുകാവ് കല്ലുംപുറത്ത് പടിപ്പുരയില്‍ മാത്യു പി. അലക്സ് (ലിറ്റിന്, 47) മൂത്ത മകന് മെല്വിന് മാത്യു എന്നിവരെയാണ് സ്വീകരണ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരഭാഗത്ത് മുറിവുകളോ മാരക അടയാളങ്ങളോ ഇല്ലാത്തതിനാല്‍ കൊലപാതകം നടക്കാനുള്ള സാധ്യതയില്‍ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് പോലീസ് സര്‍ജനില്‍ നിന്നു പ്രാഥമിക വിവരം തേടിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായി ലഭിക്കാനുണ്ട്. ഭാര്യ വിദേശത്തായതിനാല്‍ മാത്യു മക്കളോടൊപ്പം വീട്ടില്‍ കഴിയുകയായിരുന്നു.
ഭാര്യ ആശ ബുധനാഴ്ച നാട്ടില്‍ എത്തി. ഇരുവരുടെയും സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് കിളിവയല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു.