കടുപ്പിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു
Thursday, September 21, 2023 12:32 PM IST
ന്യൂഡല്‍ഹി: കാനഡയുമായുള്ള തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കനേഡിയന്‍ പൗരന്മാര്ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നത് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. കാനഡയിലെ വിസ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിയത്.
കാനഡയില്‍ ഇന്ത്യയുടെ വിസ സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിസായ ബിഎൽഎസ് ആണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. തത്ക്കാലത്തേയ്ക്ക് കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചതായി വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഇന്ത്യയുടെ തീരുമാനം കാനഡയിലെ ഇന്ത്യക്കാര്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് വിവരം. നിരവധി ഇന്ത്യക്കാര്‍ കുടിയേറുന്ന രാജ്യമാണ് കാനഡ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് കാനഡ വിസ നല്‍കുന്നത് നിര്‍ത്തിവച്ചാല്‍ അത് വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരെ ബാധിക്കും.
കാനഡയോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഖാലിസ്ഥാന്‍ ഭീകരവാദികളെ കാനഡ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനാണ് തീരുമാനം.