കരുവന്നൂര്‍ തട്ടിപ്പ്; സിപിഎം നേതാവിനെ മര്‍ദിച്ചെന്ന ആരോപണം തള്ളി ഇഡി
Thursday, September 21, 2023 11:22 AM IST
കൊച്ചി: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി.ആര്.അരവിന്ദാക്ഷനെ മര്‍ദിച്ച് മൊഴി നല്കാന് നിര്‍ബന്ധിച്ചെന്ന ആരോപണം തള്ളി ഇഡി. കൊച്ചിയിലെ ഇഡി ഓഫീസില്‍ 24 സിസിടിവി കാമറകള്‍ ഉണ്ട്. ഈ കാമറകള്‍ക്ക് മുന്നില്‍വച്ചാണ് അരവിന്ദാക്ഷനെ ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കി.
ചോദ്യം ചെയ്യലിനിടെ ഇഡി സംഘം മര്‍ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയില്‍ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പോലീസ് നടപടി കാര്യമാകാതെ മുന്നോട്ട് പോകാനാണ് ഇഡിയുടെ തീരുമാനം.
അരവിന്ദാക്ഷനെ ചോദ്യം ചെയ്ത് വിട്ടയച്ച് ഏഴു ദിവസം പിന്നിട്ട ശേഷമാണ് മര്‍ദിച്ചെന്ന പരാതി ഉന്നയിച്ചതെന്ന് ഇഡി വ്യക്തമാക്കി. ഇത് സംശയാസ്പദമാണെന്നും ഇഡി ആരോപിച്ചു.