ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള പ്രചാരണ തന്ത്രം; ജനസദസ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
Thursday, September 21, 2023 11:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമായി സംസ്ഥാനസര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ജനസദസുകള്‍ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം.
ജനസദസ് പാര്‍ട്ടി പരിപാടിയെന്ന് പറഞ്ഞ യുഡിഎഫ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനത്തില്‍ സഹകരിക്കില്ലെന്നും അറിയിച്ചു.
സര്‍ക്കാര്‍ പരിപാടികളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കാനും ജനാഭിപ്രായം അറിഞ്ഞതിനു ശേഷം ഭാവി പരിപരിപാടികള്‍ ആസൂത്രണം ചെയ്യാനുമുള്ള ഒരു വിപുലമായ പ്രചാരണ പരിപാടിയായാണ് സര്‍ക്കാര്‍ ജനസദസിനെ കാണുന്നത്. ഇന്നലെയാണ് സംസ്ഥാന സര്‍ക്കാര്‍ പരിപാടി പ്രഖ്യാപിച്ചത്.
മന്ത്രിസഭാ യോഗത്തിലും തുടര്‍ന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലുമെല്ലാം ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയായാണ് ജനസദസ് ആസൂത്രണം ചെയ്തിരിക്കുന്നത്.
മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ജനസദസുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിനായുള്ള വിപുലമായ സംഘാടക രൂപീകരണവും ആശയ രൂപീകരണവും ഇതിനോടകം നടന്നു കഴിഞ്ഞതായാണ് വിവരം.
എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ട് മുമ്പോട്ട് പോകുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ അടക്കമുള്ളവര്‍ പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷം പരിപാടിയുമായി ഒരു തരത്തിലും സഹകരിക്കാനില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവും പ്രതിപക്ഷത്തു നിന്നുള്ള എംഎല്‍എമാരോ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.സര്‍ക്കാര്‍ ചിലവിലല്ല ഈ പരിപാടി നടത്താന്‍ പോകുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. അതാത് പ്രാദേശിക സമിതികള്‍ക്കായിരിക്കും ഇതിന്റെ ചെലവടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം.
ഇതും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഇത് പാര്‍ട്ടി പരിപാടിയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് പാര്‍ട്ടിയുടെ പ്രചരണ തന്ത്രമാണെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്.