വനിതാ സംവരണ ബില്‍ രാജ്യസഭയില്‍; ഇന്നുതന്നെ പാസാക്കിയേക്കും
Thursday, September 21, 2023 9:19 AM IST
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ വ്യാഴാഴ്ച രാജ്യസഭയില്‍. വെളളിയാഴ്ചയാകും വോട്ടെടുപ്പ് നടക്കുക. ലോക്സഭ, നിയമസഭകള്‍ എന്നിവയിലേക്ക് 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍.
ബില്‍ കഴിഞ്ഞദിവസം ലോക്സഭ പാസാക്കിയിരുന്നു. 454 പേര് അനുകൂലിച്ചപ്പോള്‍ രണ്ട് എംപിമാര്‍ മാത്രമാണ് എതിര്‍ത്തത്. എഐഎംഐഎം പ്രസിഡന്റ് അസദുദീന് ഉവൈസിയും പാര്‍ട്ടി എംപി ഇതിയാസ് ജലീലുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.
പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചതിനാലാണ് എതിര്‍ത്തു വോട്ടുചെയ്തതെന്ന് അസദുദീന് ഉവൈസി പിന്നീട് പ്രതികരിച്ചു.
ഭരണപ്രതിപക്ഷം ഒറ്റക്കെട്ടായി അനുകൂലിക്കുന്നതിനാല്‍ തന്നെ ബില്‍ രാജ്യസഭയിലും അനായാസം കടക്കും. ഗുരുതരമായ തെറ്റുകളൊന്നും കണ്ടെത്തിയില്ലെങ്കില്‍ മിക്കവാറും വ്യാഴാഴ്ചതന്നെ രാജ്യസഭ ബില്‍ പാസാക്കാനും സാധ്യതയുണ്ട്. പ്രതിപക്ഷം ഒബിസി സംവരണം രാജ്യസഭയിലും ആവര്‍ത്തിക്കുമെന്നും ഉറപ്പാണ്.
ചൊവ്വാഴ്ചയാണ് വനിതാ സംവരണ ബില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭയില്‍ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് ബില്‍ അവതരിപ്പിച്ചത്. 128-ാം ഭരണഘടനാ ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്.
നിയമസഭകളില്‍ പകുതി എണ്ണമെങ്കിലും ഈ ബില്‍ പാസാക്കണം എന്നതിനാല്‍ വനിതാ സംവരണ നിയമം 2029ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലായിരിക്കും നടപ്പാക്കുക എന്നാണ് വിവരം.