ശിക്ഷയിൽ ഇളവ് തേടുന്നത് കുറ്റവാളികളുടെ മൗലികാവകാശമല്ല
Thursday, September 21, 2023 3:49 AM IST
ന്യൂഡൽഹി: ശിക്ഷയിൽ ഇളവ് തേടുന്നത് കുറ്റവാളികളുടെ മൗലികാവകാശമല്ലെന്ന് ബിൽക്കിസ് ബാനു കേസിൽ സുപ്രധാന വാദം. ശിക്ഷയിൽനിന്നു മോചനം തേടാനുള്ള കുറ്റവാളികളുടെ അവകാശം മൗലികമാണോയെന്നും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ നേരിട്ടു സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശം കുറ്റവാളികൾക്ക് ഇതിനായി ഉപയോഗിക്കാൻ സാധിക്കുമോയെന്നും സുപ്രീംകോടതി ചോദിച്ചു.
ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുന്പ് വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരായ ഹർജികളിലാണ് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം.
എന്നാൽ ഇത് കുറ്റവാളികളുടെ മൗലികാവകാശമല്ലെന്നും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ മാത്രമാണ് കുറ്റവാളികൾക്ക് ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജിയിലൂടെ സുപ്രീംകോടതിയെ സമീപിക്കാനാകുന്നതെന്നും കുറ്റവാളികളിൽ ഒരാൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.
ശിക്ഷയ്ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് കുറ്റവാളികളുടെ മൗലികാവകാശമല്ലെങ്കിലും ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കാൻ പ്രതികൾക്ക് നിയമപരമായ മറ്റ് അവകാശങ്ങളുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
കുറ്റവാളികളുടെ പുനരധിവാസത്തിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള നടപടിയാണെന്നും സർക്കാർ ഇളവ് അനുവദിച്ചതിനുശേഷവും കുറ്റകൃത്യത്തിന്റെ സ്വഭാവം ചൂണ്ടിക്കാട്ടി ശിക്ഷയ്ക്ക് ഇളവ് നൽകാനാകില്ലെന്ന് അഭ്യർഥിക്കാൻ സാധ്യമല്ലെന്നും പ്രതി രമേഷ് രൂപഭായ് ചന്ദനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര പറഞ്ഞു. ഒക്ടോബർ നാലിന് കോടതി കേസിൽ തുടർന്നും വാദം കേൾക്കും.