രാഷ്ട്രപതിയെ ക്ഷണിക്കാഞ്ഞത് ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആളായതിനാല്‍; പുതിയ പ്രസ്താവനയുമായി ഉദയനിധി
Wednesday, September 20, 2023 11:49 PM IST
ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാഞ്ഞതിനെ വിമര്‍ശിച്ച് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്.
ഗോത്രവര്‍ഗത്തില്‍ നിന്നുള്ളയാളായതു കൊണ്ടാണ് രാഷ്ടപതിയെ ക്ഷണിക്കാഞ്ഞത് എന്നും ഇതിനെയാണ് സനാതന ധര്‍മം എന്ന് വിളിക്കുന്നതെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്.
''കഴിഞ്ഞ ദിവസം ചില ഹിന്ദി സിനിമാതാരങ്ങള്‍ വരെ പുതിയ പാര്‍ലമെന്റ് സന്ദര്‍ശിക്കാനായെത്തി. എന്നാല്‍ നമ്മുടെ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്തുകൊണ്ട് ? ദ്രൗപതി മുര്‍മു ഗോത്രവിഭാഗത്തില്‍ നിന്നുള്ളയാളാണ്. ഇതിനെയാണ് സനാതന ധര്‍മം എന്നു വിളിക്കുന്നത്' ഉദയനിധി പറഞ്ഞു.
മധുരയില്‍ നടന്ന യൂത്ത്വിംഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സനാതനധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു.