മധ്യപ്രദേശിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്
Wednesday, September 20, 2023 11:21 PM IST
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് കൂടുമാറുന്നു. ബാലാഘട്ടിൽ നിന്നുള്ള ബിജെപി മുൻ എംപി ബോധ് സിംഗ് ഭഗത് ഉൾപ്പടെയുള്ളവരാണ് കോൺഗ്രസിലെത്തിയത്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ സാന്നിധ്യത്തിൽ ഭോപ്പാലിൽ വച്ചാണ് ഇവർ അംഗത്വം സ്വീകരിച്ചത്. രേവയിൽ നിന്നുള്ള ദിലീപ് സിംഗ്, ബുദ്നിയിൽ നിന്നുള്ള രാജേഷ് പട്ടേൽ, സുമിത് ചൗബെ, വിദിഷയിൽ നിന്നുള്ള പ്രഭാത് ജോഷി, ഡോ. ഭീം സിംഗ് പട്ടേൽ, ചന്ദ്രശേഖർ പട്ടേൽ എന്നിവരും അവരെ പിന്തുണയ്ക്കുന്നവരും കോൺഗ്രസിൽ അംഗത്വമെടുത്തു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലമായ ബുധ്നിയിൽ നിന്നുള്ള രാജേഷ് പട്ടേൽ 150 ഓളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് അംഗത്വമെടുക്കാനെത്തിയത്.
കോൺഗ്രസിൽ അംഗത്വം എടുക്കുന്നത് തന്റെ ഭാഗ്യമാണെന്ന് ബോധ് സിംഗ് ഭഗത് പറഞ്ഞു.കടുത്ത തണുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിച്ചു. അദ്ദേഹം സാഹോദര്യത്തിന്റെ അന്തരീക്ഷം ഉണ്ടാകണമെന്ന സന്ദേശം നൽകി. അത് എന്നിൽ വളരെ മതിപ്പുളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജനങ്ങൾക്ക് മിഠായി കൊടുക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് എല്ലാം മനസിലായി. ഇന്ന് നാട്ടിൽ സംസാരിക്കാൻ പോലും അവകാശമില്ല. ആരെങ്കിലും സംസാരിച്ചാൽ അയാളെ ജയിലിൽ അടയ്ക്കുമെന്നും ഭഗത് പറഞ്ഞു.
താൻ കോൺഗ്രസിൽ അംഗത്വം എടുത്തിട്ടുണ്ട്. ഞാൻ കമൽനാഥിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് എന്ത് ഉത്തരവാദിത്തം നൽകിയാലും ഞാൻ അത് സ്വീകരിക്കും. ഭഗത് വ്യക്തമാക്കി.
ഇന്ന് സംസ്ഥാനത്ത് അഴിമതിക്ക് പരിധിയില്ല. ഓരോ വ്യക്തിയും ഒന്നുകിൽ അഴിമതിയുടെ ഇരയോ സാക്ഷിയോ ആണ്. പണം കൊടുത്ത് പണിയെടുക്കുന്ന ഇത്തരം സംവിധാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് കർഷകർ വളവും വിത്തും ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു.