അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പൂർവ വിദ്യാർഥി പിടിയിൽ
Wednesday, September 20, 2023 10:08 PM IST
മലപ്പുറം: പഠിച്ച സ്കൂളിലെ അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൂര്‍വ വിദ്യാർഥി പിടിയില്‍. മലപ്പുറം കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്.
രൂപഭേദം വരുത്തിയ അശ്ലീല ചിത്രങ്ങൾ, പ്രധാന അധ്യാപികയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ കൂടിയാണ് ഇയാൾ പ്രചരിപ്പിച്ചത്. അധ്യാപികമാര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് മോർഫ് ചെയ്യാനായി ഇയാൾ ഉപയോഗിച്ചിരുന്നത്.
പ്രതിയുടെ ലാപ്ടോപ്, മൊബൈല്‍ഫോണ്‍ എന്നിവയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോര്‍ഫു ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതിനുമാണ് ഇങ്ങനെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
വ്യാജ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്സും ഉണ്ട്. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ലഭിച്ചിട്ടുണ്ടൊ എന്ന് അന്വേഷിച്ച് വരികയാണ്.