ഖാലിസ്ഥാനെ പിന്തുണച്ചു; റാപ്പര്‍ ശുഭ്നീത് സിംഗിന്റെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി
Wednesday, September 20, 2023 7:58 PM IST
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂല പരാമര്‍ശത്തിനു പിന്നാലെ, കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പഞ്ചാബി റാപ് ഗായകന് ശുഭ്നീത് സിംഗിന്റെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി.
ഖാലിസ്ഥാനെ പിന്തുണച്ചു കൊണ്ട് ശുഭ്നീത് നടത്തിയ പരാമര്‍ശം വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശുഭ്നീതിന്റെ "സ്റ്റില്‍ റോളിന് ഇന്ത്യ ടൂര്‍' എന്നു പേരിട്ട, പരിപാടി റദ്ദാക്കിയതായി, സ്പോണ്‍സറായ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക്മൈഷോ അറിയിച്ചത്.
ടിക്കറ്റ് എടുത്തവര്‍ക്ക് 7-10 ദിവസത്തിനുള്ളില്‍ റീ ഫണ്ട് നല്‍കുമെന്നും ബുക്ക്മൈഷോ അറിയിച്ചിട്ടുണ്ട്. ഖലിസ്ഥാനി അനുഭാവിയെന്ന് അരോപിക്കപ്പെടുന്ന ഒരു ഗായകന്റെ സംഗീത പരിപാടി നടത്താന്‍ മുമ്പോട്ടു വന്നതിന് ബുക്ക്മൈഷോയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണുയര്‍ന്നത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പരിപാടി നടത്താനിരുന്ന ശുഭ്നീത് പഞ്ചാബും ജമ്മു കാഷ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത് വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പരിപാടി റദ്ദാക്കിയതായി അറിയിപ്പു വന്നിരിക്കുന്നത്.