യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ: മാക്കൂട്ടം ചുരം വഴിപോയ വാഹനങ്ങളുടെ വിവരങ്ങൾ തേടി പോലീസ്
Wednesday, September 20, 2023 3:05 PM IST
ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വീരാജ്പേട്ട പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിനായി വീരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ മടിക്കേരി എസ്പി നിയോഗിച്ചു.
യുവതിയുടെ മൃതദേഹം മടിക്കേരി സർക്കാർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. കുടക്, മൈസൂരു ജില്ലകളിൽനിന്ന് അടുത്തിടെ കാണാതായ യുവതികളുടെ വിവിരങ്ങൾ പോലീസ് ശേഖരിച്ചു തുടങ്ങി.
മടിക്കേരി ജില്ലയിൽ മാത്രം നാലുപേരെ ഒരുമാസത്തിനുളളിൽ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എങ്കിലും ഇവരുടെ ബന്ധുക്കളാരും ഇതുവരെ അന്വേഷണവുമായി പോലീസിനെ സമീപിച്ചിട്ടില്ല.
രണ്ടാഴ്ചയ്ക്കിടയിൽ മാക്കൂട്ടം ചുരം റോഡ് വഴി കടന്നുപോയ വാഹനങ്ങളുടെ വിവര ശേഖരണവും പോലീസ് ആരംഭിച്ചു. പെരുമ്പാടി ചെക്ക് പോസ്റ്റ് വിട്ടാൽ ചുരം റോഡിൽ എവിടേയും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല.
പെരുമ്പാടിയിൽനിന്നും മാക്കൂട്ടത്തേക്കും മാക്കൂട്ടത്തുനിന്നു പെരുമ്പാടിയിലേക്കും എത്താനുള്ള കുറഞ്ഞും കൂടിയതുമായ സമയം കണക്കാക്കിയുള്ള വാഹന പരിശോധനയും ആരംഭിച്ചു. ചുരം റോഡിൽ അസ്വഭാവികമായ നിലയിൽ നിർത്തിയിട്ട വാഹനങ്ങളെക്കുറിച്ചു ദൃക്സാക്ഷി വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതുവഴി സ്ഥിരം യാത്ര ചെയ്യുന്നവരെ കണ്ടെത്തി സംശയകരമായ സാഹചര്യത്തിൽ ഏതെങ്കിലും വാഹനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്നുകൂടി പോലീസ് അന്വേഷിക്കുന്നുണ്ട്.