ഇൻകെൽ അഴിമതി; ഉദ്യോഗസ്ഥന് സസ്പെൻഷൻ
Wednesday, September 20, 2023 1:55 PM IST
പാലക്കാട്: സൗരോർജ പ്ലാന്റ് സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ കരാർ മറിച്ചുനൽകി കോഴ വാങ്ങിയ ഇൻകെൽ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ.
ഇൻകെൽ റിന്യുവബിൾ എനർജി ഡിവിഷൻ ജനറൽ മാനേജർ സാം റൂഫസിനെതിരെയാണ് കമ്പനി എംഡി നടപടിയെടുത്തത്. സാം റൂഫസ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
കഞ്ചിക്കോട്, ബ്രഹ്മപുരം എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ച ഏഴ് മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റുകളുടെ നിർമാണചുമതല ഇൻകെലിനാണ് കെഎസ്ഇബി നൽകിയിരുന്നത്. പ്ലാന്റ് നിർമിച്ച് ഉത്പാദനം ആരംഭിച്ച ശേഷം തിരികെ കൈമാറണമെന്നും ഉപകരാർ നൽകരുതെന്നും കെഎസ്ഇബി ഇൻകെലിന് നിർദേശം നൽകിയിരുന്നു.
എന്നാൽ, ചട്ടം ലംഘിച്ച് 2020 ജൂണിൽ തമിഴ്നാട് ആസ്ഥാനമാക്കിയുള്ള റിച്ച് ഫൈറ്റോകെയർ എന്ന സ്ഥാപനത്തിന് ഇൻകൽ കരാർ മറിച്ചുവിൽക്കുകയായിരുന്നു. 33.95 കോടി രൂപയ്ക്കാണ് കരാർ മറിച്ചുനൽകിയത്.
ഈ കരാർ ഫൈറ്റോകെയറിന് നൽകിയ സാം റൂഫസ് അഞ്ച് കോടി രൂപ കോഴ കൈപ്പറ്റിയതായും രേഖകൾ പുറത്തുവന്നിരുന്നു.