ജനവാസമേഖലയിൽ നിലയുറപ്പിച്ച് അരിക്കൊമ്പൻ; ഉൾക്കാട്ടിലേക്ക് അയയ്ക്കാൻ ശ്രമം
Wednesday, September 20, 2023 7:58 AM IST
തേനി: തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ നിന്ന് പിന്മാറാതെ അരികൊമ്പൻ. ജനവാസമേഖലയിൽ തുടരുന്ന അരിക്കൊമ്പനെ തിരികെ ഉൾക്കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് വനം വകുപ്പ്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണ്.
വനമേഖലയിൽ നിന്ന് മാറി, തമിഴ്നാട് കുതിരവട്ടി പ്രദേശത്തെ മഞ്ചോല എസ്റ്റേറ്റ് ഭാഗത്താണ് അരിക്കൊമ്പൻ നിൽക്കുന്നത്. രണ്ടായിരത്തിലേറെ തോട്ടം തൊഴിലാളികൾ വസിക്കുന്ന മേഖലയാണ് ഇത്. നിലവിൽ മാഞ്ചോല ഊത്ത് പത്താം കാടിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഒപ്പം ആനക്കൂട്ടവും ഉള്ളതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു.
നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടിവച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആന കേരള അതിർത്തിയുടെ അടുത്തെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും വനം വകുപ്പ് അറിയിച്ചു. മേഖലയിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്കൂളിന് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ നിന്ന് പിടികൂടി തമിഴ്നാട് വനമേഖലയിൽ എത്തിച്ച ശേഷം തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ മാറിയുള്ള പ്രദേശത്ത് ഇന്നലെ രാവിലെയാണ് അരിക്കൊമ്പൻ എത്തിയത്. കൊമ്പൻ കേരളത്തിലേക്ക് വരാൻ സാധ്യതയില്ലെന്നും കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമാണെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.