ബംഗ്ലാദേശ് അതിർത്തിയിലൂടെ സ്വർണം കടത്താൻ ശ്രമം; ഒരാൾ പിടിയിൽ
Wednesday, September 20, 2023 6:07 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മേഖലയിലൂടെ സ്വർണം കടത്താനുള്ള ശ്രമം അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) തകർത്തു. 50 സ്വർണ ബിസ്കറ്റുകളും 16 സ്വർണക്കട്ടികളുമായി ഒരു കള്ളക്കടത്തുകാരനെ സൈന്യം പിടികൂടി.
23 കിലോയോളം തൂക്കമുള്ള സ്വർണത്തിന് 14 കോടി രൂപ വിലമതിക്കുമെന്നും ബിഎസ്എഫ് അറിയിച്ചു. അതിർത്തിയിലെ 68 ബറ്റാലിയൻ പോസ്റ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
സെപ്റ്റംബർ 18 ന് വൈകുന്നേരം 6:50 ന് ബോർഡർ ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് വാൻ ടേണിന് സമീപം സ്വർണക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഉടൻതന്നെ ബിഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
തൊട്ടുപിന്നാലെ, സംശയാസ്പദമായ രീതിയിൽ ഒരു മോട്ടോർ സൈക്കിളിൽ ഒരാൾ വാൻ ടേണിന് സമീപം വരുന്നത് അവർ കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിടികൂടിയ കള്ളക്കടത്തുകാരനെയും പിടിച്ചെടുത്ത സ്വർണവും തുടർ നടപടികൾക്കായി ബാഗ്ദയിലെ കസ്റ്റംസ് ഓഫീസിന് കൈമാറുമെന്ന് ബിഎസ്എഫ് അറിയിച്ചു.
അതേസമയം, കള്ളക്കടത്തുകാർ സ്വർണക്കടത്തിനായി പാവപ്പെട്ടവരും നിരപരാധികളുമായ ആളുകളെ ചെറിയ തുക ഉപയോഗിച്ച് വശീകരിച്ച് കുടുക്കുന്നുവെന്ന് സൗത്ത് ബംഗാൾ ഫ്രണ്ടിയറിലെ ബിഎസ്എഫിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡിഐജി എ.കെ. ആര്യ പറഞ്ഞു.
അതിർത്തിയിൽ താമസിക്കുന്നവരോട് സ്വർണക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിച്ചാൽ സീമ സാതി ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
14419 അല്ലെങ്കിൽ 9903472227 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെയോ ശബ്ദ സന്ദേശങ്ങളിലൂടെയോ കൃത്യമായ വിവരങ്ങൾ നൽകുന്ന വ്യക്തിക്ക് ഉചിതമായ പ്രതിഫലം നൽകുമെന്നും അവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.