മഹാരാഷ്ട്ര മന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി; ലഘുലേഖകൾ ലഭിച്ചു
Wednesday, September 20, 2023 5:27 AM IST
മുംബൈ: മഹാരാഷ്ട്ര മന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി. ഭക്ഷ്യ-മരുന്ന് മന്ത്രി ധർമ റാവു ബാബ അത്രാമിനു നേരെയാണ് ഭീഷണി ലഘുലേഖകൾ ലഭിച്ചത്.
കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നിന്നാണ് ലഘുലേഖകൾ കണ്ടെത്തിയത്. നക്സൽ ബാധിത ജില്ലയായ അഹേരിയിൽ നിന്നുള്ള എംഎൽഎയാണ് ധർമ റാവു ബാബ അത്രം.
ധർമ റാവുവും അദ്ദേഹത്തിന്റെ ബന്ധുവും സുർജഗഡ് സ്റ്റീൽ പദ്ധതിയുടെ "ഏജന്റ്" ആണെന്നും അവർക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങളോട് ലഘുലേഖയിൽ ആവശ്യപ്പെടുകയും ചെയ്തു. ജനവിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് മന്ത്രിക്ക് മുന്നറിയിപ്പും നൽകി.
അതേസമയം, സുർജഗഡ് പദ്ധതി ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ജില്ലയിൽ വികസനം കൊണ്ടുവരികയും ചെയ്തതായി ധർമ റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം ഭീഷണികൾ താൻ ചെവിക്കൊള്ളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് വിഷയം ഗൗരവമായി വീക്ഷിക്കുകയാണെന്ന് ഗഡ്ചിറോളി പോലീസ് സൂപ്രണ്ട് നിലോത്പാൽ പിടിഐയോട് പറഞ്ഞു.