നയതന്ത്ര തർക്കം; പ്രകോപനമല്ല ഉദ്ദേശമെന്ന് കനേഡിയൻ പ്രധാനമന്ത്രി
Tuesday, September 19, 2023 8:20 PM IST
ഒട്ടാവ: ഖലിസ്ഥാൻ അനുകൂലിയായ സിഖ് നേതാവിനെ കാനഡയിൽ വച്ച് കൊലപ്പെടുത്തിയത് ഇന്ത്യ ആണെന്ന ആരോപണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട നയതന്ത്ര പോര് തണുപ്പിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന പരാമർശത്തിലൂടെ പ്രകോപനമല്ല താൻ ഉദ്ദേശിച്ചതെന്ന് ട്രൂഡോ പറഞ്ഞു.
വിഷയം ആളിക്കത്തിക്കാനല്ല കാനഡ ശ്രമിക്കുന്നതെന്നും നിജ്ജാറിന്റെ കൊലപാതകം ഇന്ത്യൻ സർക്കാർ ഗൗരവതരമായി എടുക്കണമെന്നാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
നേരത്തെ, നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാകാമെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. കാനഡയിലെ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയ്ക്കെതിരെ തെളിവുകള്‍ ലഭിച്ചതായും ട്രൂഡോ ആരോപിച്ചു.
ഇതിനു പിന്നാലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് പവന് കുമാര്‍ റായിയെ കാനഡ പുറത്താക്കിയിരുന്നു. മറുപടിയായി മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്ന് ഇദ്ദേഹത്തിന് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജൂണ്‍ 18-ന് ഗുരു നാനാക്ക് ഗുരുദ്വാരയുടെ പാര്‍ക്കിംഗ് മേഖലയിൽ വച്ചാണ് നിജ്ജാറിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് സിക്ക് ഫോര്‍ ജസ്റ്റീസ് സംഘടനയും ആരോപിച്ചിരുന്നു.
2021-ല്‍ ജലന്ധറില്‍ ഹിന്ദു പൂജാരിയെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ നിജ്ജാര്‍ പ്രതിയായിരുന്നു. നിജ്ജാര്‍ ഒരു ഭീകരനാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് വാദിച്ചിരുന്നു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.