ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യൻ വരികയാണ്...! മൈക്ക് തയാറാക്കി മാധ്യമപ്രവർത്തകർ
Tuesday, September 19, 2023 5:28 PM IST
തിരുവനന്തപുരം: വിവാദ കൊടുങ്കാറ്റുകൾക്കിടയിലും തുടർന്നിരുന്ന മൗനം വെടിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ.
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളുമായി സംവദിക്കുമെന്ന് പിആർഡി അറിയിച്ചു. വൈകിട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
കരുവന്നൂർ തട്ടിപ്പ്, കരിമണൽ മാസപ്പടി, സോളാർ ഗൂഢാലോചന, പുതുപ്പള്ളി തെരഞ്ഞെടുപ്പ് പരാജയം, കൈതോലപ്പായ കൈക്കൂലി, കെ - ഫോൺ, കെ - റെയിൽ, എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
പ്രതികരിക്കാതെ ഇരിക്കാനുള്ള സ്വാതന്ത്ര്യം ഏവർക്കുമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞതിന് 24 മണിക്കൂറിനുള്ളിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ സമ്മതിച്ചതെന്ന് ശ്രദ്ധേയമാണ്.
എന്നാൽ, വിവാദങ്ങളിലേക്ക് കടക്കാതെ ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളും നിപ ജാഗ്രതാ നിർദേശങ്ങളും പറഞ്ഞ് മുഖ്യമന്ത്രി പിൻവാങ്ങുമെന്ന് കരുതുന്നവരും ഏറെയാണ്.