"സ്ഥലം മാറ്റം'; പാര്‍ലമെന്റ് സമ്മേളനം ഇന്നുമുതല്‍ പുതിയ മന്ദിരത്തില്‍
Tuesday, September 19, 2023 8:41 AM IST
ന്യൂഡല്‍ഹി: നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പഴയ പാര്‍ലമെന്റ് മന്ദിരം ഇനി ചരിത്രത്തിന്റെ ഭാഗം. പാര്‍ലമെന്റ് സമ്മേളനം ചൊവ്വാഴ്ച മുതല്‍ പുതിയ മന്ദിരത്തില്‍ നടക്കും. പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നുമുതല്‍ പുതിയ മന്ദിരത്തിലായിരിക്കും ഇരുസഭകളും സമ്മേളിക്കുക.
രാവിലെ ഒന്പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടക്കും.
കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും അദ്ദേഹത്തെ അനുഗമിക്കും. മേയ് 18നായിരുന്നു പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ 11 മുതല്‍ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക യോഗം ചേരുന്നതോടെ പുതിയ മന്ദിരം ഔദ്യോഗികമായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാകും. 1.15 ന് ലോക്സഭയും 2.15 ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകള്‍ മാത്രമാണ് ചൊവ്വാഴ്ചയിലെ യോഗത്തിലുള്ളത്.
വനിതാ സംവരണ ബില്‍ ബുധനാഴ്ച ലോക്സഭയുടെ പരിഗണനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വനിതാ സംവരണ ബില്‍ 2029ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലായിരിക്കും നടപ്പാക്കുക എന്നാണ് വിവരം.
ലോക്സഭ, നിയമസഭകള്‍ എന്നിവയിലേക്ക് 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബില്‍. പട്ടികജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളും മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കായി നീക്കിവയ്ക്കണമെന്ന് ബില്ലിലുണ്ട്.