റോഡ് കാമറ: കെല്‍ട്രോണിന് നല്‍കാനുള്ള 11 കോടി ഉടന്‍ അടയ്ക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
വെബ് ഡെസ്ക്
Tuesday, September 19, 2023 7:15 AM IST
തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും റോഡ് കാമറ പദ്ധതിയില്‍ കെല്‍ട്രോണിന് നല്‍കാനുള്ള തുക ഉടന്‍ അടയ്ക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഉപകരാറിലെ തര്‍ക്കം പരിഹരിച്ച ശേഷം മാത്രമേ 11 കോടി രൂപ അടയ്ക്കൂ എന്ന നിലപാടിലാണ് അധികൃതര്‍. റോഡ് കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് കെല്‍ട്രോണും ഗതാഗത കമ്മീഷണറും നേരത്തെ കരാറുണ്ടാക്കിയിരുന്നു.
കരാർ സംബന്ധിച്ച് വിവാദം വന്നതോടെ ഇതിലെ അപാകത പരിഹരിച്ച് മന്ത്രിസഭാ തീരുമാനപ്രകാരം ഗതാഗത സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റോഡില്‍ കാമറ സ്ഥാപിക്കുന്നത്. മൂന്നു മാസത്തിലൊരിക്കല്‍ കെല്‍ട്രോണിന് പണം നല്‍കണമെന്നായിരുന്നു കരാര്‍.
ഇത് ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നാലെയാണ് ആദ്യഗഡു കൊടുക്കണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ആദ്യകരാറിലെ പ്രശ്‌നം പരിഹരിച്ച് ഉപകരാര്‍ ഒപ്പുവെച്ച ശേഷമേ പണമിടപാട് സാധിക്കൂ എന്ന നിലപാടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉറച്ച് നില്‍ക്കുകയാണ്.
726 കാമറകള്‍ക്കുള്ള പണമാണ് നിലവില്‍ അടയ്ക്കാനുള്ളത്. എന്നാല്‍ 692 കാമറകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കാമറയുടെ ആനുവല്‍ മെയിന്‍റനൻസ് കരാറുമായി ബന്ധപ്പെട്ട തുകയിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കാതിരുന്നാല്‍ 1000 രൂപ പിഴയീടാക്കുമെന്നായിരുന്നു ആദ്യ കരാര്‍. എന്നാല്‍ ഓരോ കാമറയും പ്രവര്‍ത്തിക്കാതിരുന്നാല്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.