ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയിലെ കാന്‍റീൻ ജീവനക്കാരന്‍ 19കാരിയെ പീഡിപ്പിച്ചെന്ന് പരാതി. ചികിത്സയിലുള്ള സഹോദരനെ പരിചരിക്കുന്നതിന് വേണ്ടി ആശുപത്രിയിലെത്തിയതാണ് പെണ്‍കുട്ടി. ഹൈദരാബാദിലെ എസ്ആര്‍ നഗറിലെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്.

ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരനും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ഇയാളാണ് കാന്‍റീൻ ജീവനക്കാരനെ കുട്ടിക്ക് പരിചയപ്പെടുത്തിയത്. എന്ത് ആവശ്യത്തിനും സമീപിക്കാമെന്ന ഉറപ്പും നല്‍കി. ഇതു കഴിഞ്ഞ് പെണ്‍കുട്ടി ലിഫ്റ്റില്‍ കയറിയ സമയത്ത് പ്രതി പിന്തുടരുകയും രണ്ടാം നിലയില്‍ ചെന്നപ്പോള്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി തരില്ലെന്ന് പറ‌ഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി കെട്ടിടത്തിന്‍റെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ രക്ത സാന്പിള്‍ ശേഖരിക്കുന്ന മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

നിലവിളിച്ചോടിയ പെണ്‍കുട്ടി സഹോദരനെ സഹായത്തിന് വിളിച്ച സമയംകൊണ്ട് പ്രതി ഓടി രക്ഷപെട്ടു. ഇയാളെ പിന്നീട് പിടികൂടിയതായി പോലീസ് വ്യക്തമാക്കി.