നിർണായക തീരുമാനങ്ങൾ വരുമെന്ന് സൂചന; കേന്ദ്ര മന്ത്രിസഭാ യോഗം ആരംഭിച്ചു
Monday, September 18, 2023 7:16 PM IST
ന്യൂഡൽഹി: വനിതാ സംവരണ ബിൽ, രാജ്യത്തിന്റെ പുനർനാമകരണം, നേരത്തെയുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് എന്നീ അഭ്യൂഹങ്ങൾ നിറഞ്ഞുനിൽക്കുന്നതിനിടെ സുപ്രധാന മന്ത്രിസഭാ യോഗവുമായി കേന്ദ്ര സർക്കാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റ് അനക്സിൽ വൈകിട്ട് 6:30-നാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പീയുഷ് ഗോയൽ, പ്രഹ്ലാദ് ജോഷി എന്നിവരടക്കം മന്ത്രിസഭയിലെ പ്രമുഖരെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സർക്കാർ വിളിച്ചുചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജൻഡ കാബിനറ്റ് യോഗത്തിൽ നിശ്ചയിക്കുമെന്നാണ് സൂചന.
ഇതിനിടെ, പുതിയ പാർലമെന്റ് മന്ദിരത്തിലെ വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധന പൂർത്തിയാക്കിയത് പുതിയ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. വനിതാ സംവരണ ബിൽ ചൊവ്വാഴ്ച സഭയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ മുന്നൊരുക്കമാണ് ഈ സാങ്കേതികപരിശോധനയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്.