ശിവസേന ഗ്രൂപ്പ് തർക്കം: മഹാരാഷ്ട്ര സ്പീക്കർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
Monday, September 18, 2023 6:58 PM IST
ന്യൂഡൽഹി: ശിവസേനയിലെ ഉദ്ധവ് താക്കറെ - ഏകനാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത മൂലമുണ്ടായ അയോഗ്യതാ ഹർജികളിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നാർവേക്കറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള അയോഗ്യത നടപടികൾ സ്പീക്കർക്ക് അനിശ്ചിത കാലത്തേക്ക് വൈകിപ്പിക്കാനാകില്ലെന്നും കോടതി പുറപ്പെടുവിച്ച നിർദേശങ്ങളോട് ബഹുമാനം പുലർത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഷിൻഡെയുടെ നേതൃത്വത്തിൽ ബിജെപി പാളയത്തിലേക്ക് കൂടുമാറിയ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം നൽകിയ ഹർജിയിന്മേൽ നടപടികൾ സ്വീകരിക്കാതെ സ്പീക്കർ കാലതാമസം വരുത്തുന്നുവെന്ന ആക്ഷേപം മഹാ വികാസ് അഘാഡി ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ, 56 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയിലെ ഇരുപക്ഷവും 34 ഹർജികൾ സമർപ്പിച്ചിരുന്നു. എന്നാൽ തർക്കത്തിൽ നിലപാട് വ്യക്തമാക്കാതെ സ്പീക്കർ മൗനം തുടരുകയായിരുന്നു.
ഹർജികൾ വേഗത്തിൽ തീർപ്പാക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശിവസേന(ഉദ്ധവ് ) പാർട്ടി എംപി സുനിൽ പ്രഭു സമർപ്പിച്ച ഹർജി പരിഗണിക്കുന്ന വേളയിലാണ് സുപ്രീം കോടതി സ്പീക്കറെ രൂക്ഷമായി വിമർശിച്ചത്.
ഹർജികൾ ഒരാഴ്ചയ്ക്കകം സ്പീക്കറുടെ മുന്പാകെ ലിസ്റ്റ് ചെയ്യണമെന്നും രേഖകൾ പൂർത്തിയാക്കാനും ഹിയറിംഗിനുള്ള സമയം നിശ്ചയിക്കാനുമുള്ള നടപടിക്രമങ്ങൾ സ്പീക്കർ നൽകണമെന്നും ബെഞ്ച് നിർദേശിച്ചു.