അറുപതടിയോളം താഴ്ചയുളള കുഴിയില്‍ വീണ യുവാവിനെ രക്ഷിച്ച് ഫയർഫോഴ്സ്
Monday, September 18, 2023 11:39 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പുതിയ ഒപി യുടെ എതിര് ഭാഗത്തുളള ഏകദേശം 60 അടിയോളം താഴ്ചയുളള ചപ്പുചവറുകളും മാലിന്യവും തള്ളുന്ന കുഴിയില്‍ വീണ് യുവാവിന് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.
ചുള്ളിമാനൂര്‍ സ്വദേശി ഷംനാദ് (39) ആണ് ഒപി ക്കു സമീപത്തുളള റോഡിലൂടെ നടന്നു പോകുമ്പോള്‍ കാല് വഴുതി കുഴിയില്‍ വീണത്. ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന ആള്ക്കാര് വിവരം മെഡിക്കല്‍ കോളജ് പൊലീസില്‍ അറിയിക്കുകയായിരുന്നു.
ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും അസി.സ്റ്റേഷന് ഓഫീസര്‍ വി.സി. ഷാജിയുടെ നേതൃത്വത്തില്‍ ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ സജീന്ദ്രന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ രതീഷ് മോഹന്‍, ലതീഷ്, ദീപു, ജോസ്, ശ്യാമളകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം എത്തി റോപ്പിലൂടെ താഴെയിറങ്ങി ഷംനാദിനെ പുറത്തെത്തിക്കുകയായിരുന്നു.
കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റ ഷംനാദിനെ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് മെഡിക്കല്‍ കോളജ് പോലീസും നേതൃത്വം നല്കി.