ഭക്ഷണം കഴിച്ചതിന്റെ ബില്ലുമായി ബന്ധപ്പെട്ട തർക്കം; കൗമാരക്കാരനെ സുഹൃത്തുക്കൾ കൊന്നു
Monday, September 18, 2023 5:28 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. മഹാരാജ്ഗ്ഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം.
കൊല്ലപ്പെട്ട ചന്ദനും മൂന്ന് സുഹൃത്തുക്കളും ഒരു കടയിൽ ഭക്ഷണം കഴിച്ചു. തുടർന്ന് ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കുന്നതിനെ ചൊല്ലി ചന്ദനുമായി സുഹൃത്തുക്കൾ തർക്കമുണ്ടായി.
കുറച്ച് സമയത്തിന് ശേഷം മൂവരും ചേർന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ചന്ദൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും ശനിയാഴ്ച ഉച്ചയോടെ പോലീസിൽ അറിയിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഘുഗുലി പോലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ നടത്തിയെ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.