കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പാർട്ടി ചതിച്ചെന്ന് മുൻ ഭരണസമിതിയിലെ വനിതാ അംഗങ്ങൾ
Sunday, September 17, 2023 11:41 PM IST
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ പാർട്ടി ചതിക്കുകയായിരുന്നെന്ന് ആരോപിച്ച് മുൻ ഭരണസമിതിയിലെ വനിതാ അംഗങ്ങൾ.
തങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് കടലാസുകളിൽ ഒപ്പ് വയ്പ്പിക്കുകയായിരുന്നെന്ന് ബാങ്ക് ഭരണസമതിയിലെ സിപിഎം അംഗമായിരുന്ന അന്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും വെളിപ്പെടുത്തി. ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 58 ദിവസം ജയിലിൽ കഴിഞ്ഞവരാണ് ഇവർ.
പി.കെ. ബിജു ഉൾപ്പെട്ട അന്വേഷണ കമ്മീഷൻ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും തൃശൂരിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തതെന്നും ഇവർ പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ട് വരുന്പോഴാണ് തട്ടിപ്പ് മനസിലായത്. ബാങ്കിൽ പോകുന്പോൾ കടലാസുകൾ കാട്ടി ഒപ്പിടാൻ സെക്രട്ടറി ആവശ്യപ്പെടും. വായ്പകൾ പാസാക്കാനുണ്ടെന്നാണ് പറയുക. അവ പരിശോധിക്കാൻ അനുവദിക്കില്ല. ഇത് ബാങ്കിലെ കീഴ്വഴക്കമാണ്. കടലാസിൽ ഒന്നുമെഴുതാത്ത ഭാഗങ്ങളെക്കുറിച്ച് ചോദിച്ചാൽ അടിയന്തര ലോണ്‍ ആവശ്യം വന്നാൽ നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കാതെ എഴുതിച്ചേർക്കാനാണെന്നായിരുന്ന് മറുപടി.
ബാങ്കിന്റെ അധികാരം തനിക്കാണെന്നും പാർട്ടി നേതൃത്വത്തിലുള്ള വ്യക്തിയാണെന്നും തങ്ങളെ വഴിയിൽകൂടി നടത്തില്ലെന്നും സെക്രട്ടറി സുനിൽ കുമാർ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇരുവരും പറഞ്ഞു.
ഇപ്പോൾ വിയ്യൂർ ജയിൽവഴി പോകുന്പോൾ ഭയമാണ്. ചായക്കാശ് പോലും കൈപ്പറ്റാത്തവരെ പ്രതിയാക്കുകയായിരുന്നെന്നും ജീവനൊടുക്കുകയല്ലാതെ മാർഗമില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു.