കോഴഞ്ചേരിയിൽ ഒളിവിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശികളായ കൊടുംക്രിമിനലുകൾ പിടിയിൽ
Sunday, September 17, 2023 10:19 PM IST
പത്തനംതിട്ട: കോഴഞ്ചേരി തെക്കേമലയിൽ ഒളിച്ചുതാമസിച്ചിരുന്ന കൊടുംകുറ്റവാളികളായ തമിഴ്നാട് സ്വദേശികളെ ആറന്മുള പോലീസ് പിടികൂടി.
തിരുനെൽവേലി പള്ളികോട്ടൈ നോർത്ത് സ്ട്രീറ്റിൽ ഗണേശന്റെ മകൻ മാടസ്വാമി(27), ഇയാളുടെ സഹോദരൻ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ്(25) എന്നിവരാണ് പിടിയിലായത്.
ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട ഇവരെ വിശദമായി ചോദ്യം ചെയ്തതിൽനിന്നും തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം വെളിവായത്.
തമിഴ്നാട്ടിലെ മൂന്ന് കൊലപാതക കേസുകൾ, കവർച്ച കേസുകൾ ഉൾപ്പടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി. മൂന്ന് കൊലക്കേസുകൾ ഉൾപ്പെടെ 11-ഓളം കേസുകളിലെ പ്രതിയാണ് സുഭാഷ്.
കഴിഞ്ഞ നാല് വർഷമായി ഇവരുടെ മാതാപിതാക്കൾ തെക്കേമലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആറ് മാസമായി ഇവർ മാതാപിതാക്കൾക്കൊപ്പം താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വിൽപന നടത്തുകയായിരുന്നു.
കേരളത്തിൽ താമസിച്ച കാലയളവിൽ ഇവർ ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിനുശേഷം ഇവരെ തമിഴ്നാട് പോലീസിന് കൈമാറി.