സീ ദ "റേജ്'! സിറാജിന്റെ കലിപ്പിൽ ലങ്ക 50 റൺസിന് പുറത്ത്
Sunday, September 17, 2023 5:30 PM IST
കൊളംബോ: മുഹമ്മദ് സിറാജ് കലിയുടെ വിശ്വരൂപം എടുത്തണിഞ്ഞ ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ശ്രീലങ്ക 50 റൺസിന് പുറത്ത്. ഏഴോവറിൽ 21 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ പിഴുത സിറാജിന്റെ കിടിലൻ പ്രകടനമാണ് ലങ്കയെ വെറും 92 പന്ത് നീണ്ടുനിന്ന ഇന്നിംഗ്സിലേക്ക് ഒതുക്കിയത്.
16-ാം ഓവറിന്റെ രണ്ടാം പന്തിൽ, ഹാർദിക് പാണ്ഡ്യ ലെഗ് സ്റ്റംപിന് പുറത്തേക്ക് മാറ്റിയെറിഞ്ഞ പന്തിൽ മതീഷ പതിരന അനാവശ്യമായി കൈവച്ച് ഇഷാൻ കിഷന് ക്യാച്ച് നൽകിയതോടെയാണ് ലങ്കൻ പതനം പൂർത്തിയായത്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയ്ക്ക് മികച്ച സ്കോർ എന്നത് മൂടിക്കെട്ടിയ അന്തരീക്ഷത്തിലെ പകൽകിനാവ് മാത്രമായിരുന്നു. സ്കോർ ബോർഡിൽ ഒരു റൺ മാത്രം നിൽക്കെ കുശാൽ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ലങ്കൻ പതനത്തിന് തുടക്കമിട്ടത്.
നാലാം ഓവറിൽ സംഹാരതാണ്ഡവമാടിയ സിറാജ്, പത്തും നിസങ്കയെ(2) ആദ്യ പന്തിലും സധീര സമരവിക്രമ(0), ചരിത് അസലങ്ക(0) എന്നിവരെ മൂന്നും നാലും പന്തുകളിലും മടങ്ങി. ഹാട്രിക് സ്വപ്നം നഷ്ടമായെങ്കിലും ഓവറിന്റെ അവസാന പന്തിൽ ധനഞ്ജയ ഡിസിൽവയെയും(4) സിറാജ് മടക്കി.
17 റൺസ് നേടി ലങ്കയുടെ ടോപ് സ്കോറർ ആയ കുശാൽ മെൻഡിസിനെ 12-ാം ഓവറിൽ സിറാജ് പവിലയനിൽ എത്തിച്ചു. തുടർന്ന് എല്ലാം ചടങ്ങുതീർക്കൽ മാത്രമായി.
ലങ്കൻ സ്കോർ 50 കടന്നപ്പോൾ ആതിഥേയ ആരാധകർ കൈയടിച്ചത് നാണക്കേടിന്റെ കാഠിന്യം കുറഞ്ഞതുകൊണ്ട് മാത്രമാണ്. 50 ഓവറിലും ഓരോ റൺ വീതം എടുത്ത് ജയിക്കാവുന്ന തരത്തിൽ പൂർത്തിയാക്കിയ മത്സരത്തിൽ പാണ്ഡ്യ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.