യുണൈറ്റഡിന് വീണ്ടും തോൽവി
Sunday, September 17, 2023 4:12 AM IST
ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ തുടർത്തോൽവികൾ ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. കുഞ്ഞന്മാരായ ബ്രൈറ്റൺ 3-1 എന്ന സ്കോറിനാണ് യുണൈറ്റഡിനെ വീഴ്ത്തിയത്.
പ്രീമിയർ ലീഗ് സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് റെഡ് ഡെവിൾസിന് ഇതോടെ മൂന്ന് തോൽവികളായി. തുടർച്ചയായ രണ്ട് ഹോം പരാജയങ്ങളോടെ വെറും ആറ് പോയിന്റുമായി ലീഗ് പട്ടികയിൽ ബഹുദൂരം പിന്നിലാണ് യുണൈറ്റഡ്.
ഡാനി വെൽബെക്ക്(20'), പാസ്കൽ ഗ്രോസ്(53'), ഡെ ജീസസ് ജാവോ പെഡ്രോ(71') എന്നിവരാണ് ബ്രൈറ്റണിനായി സ്കോർ ചെയ്തത്. ഹാനിബാൽ മെയ്ബ്രി 73-ാം മിനിറ്റിൽ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി.
ആദ്യ പകുതിയിൽ തന്നെ ലീഡ് വഴങ്ങിയ യുണൈറ്റഡ് മൂന്നാം ഗോളും വഴങ്ങിയതോടെ, മത്സരം അവസാനിക്കുന്നതിന് മുമ്പുതന്നെ കൂവലുകൾ ഉയർത്തി ആരാധകർ മൈതാനം വിട്ടിരുന്നു.