ഡയമണ്ട് ലീഗ്: നീരജിന് കിരീടനഷ്ടം
Sunday, September 17, 2023 2:49 AM IST
യുജീൻ: ഡയമണ്ട് ലീഗ് ഫൈനൽസിൽ ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്രയ്ക്ക് കിരീടനഷ്ടം. ജാവലിൻ ത്രോയിൽ 2022-ൽ ചാമ്പ്യൻ പട്ടം ചൂടിയ ചോപ്ര ഇത്തവണ രണ്ടാമതായി ആണ് ഫിനിഷ് ചെയ്തത്.
83.80 മീറ്റർ ദൂരം മാത്രമാണ് ചോപ്രയ്ക്ക് യുജീനിൽ കുറിക്കാനായത്. 44 സെന്റിമീറ്റർ ദൂരത്തിന്റെ ബലത്തിൽ, ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാഡ്ലെക്(84.24 മീറ്റർ) ഒന്നാമതെത്തി. ഫിൻലൻഡിന്റെ ഒളിവർ ഹെലാൻഡർ 83.74 മീറ്റർ ദൂരവുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി.
ആദ്യ ശ്രമം ഫൗളാക്കിയ ചോപ്ര രണ്ടാം ശ്രമത്തിലാണ് മത്സരത്തിലെ തന്റെ മികച്ച ദൂരമായ 83.80 മീറ്റർ കണ്ടെത്തിയത്. സീസണിൽ 88 മീറ്റർ വരെ ദൂരം കണ്ടെത്തിയിട്ടുള്ള ചോപ്ര പരിക്ക് ഭീഷണി മൂലം ആയാസരഹിതമായ പോരാട്ടത്തിനാണ് ശ്രമിച്ചത്.