ഇലോണ്‍ മസ്കുമായി ബന്ധം; ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടി ഗൂഗിള്‍ സഹസ്ഥാപകന്‍
Saturday, September 16, 2023 6:18 PM IST
ന്യൂയോര്‍ക്ക്: ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ഭാര്യ നിക്കോള്‍ ഷനഹാനില് നിന്ന് വിവാഹമോചനം നേടിയതായി റിപ്പോര്‍ട്ട്.
ലോക കോടീശ്വരന് ഇലോണ്‍ മസ്കുമായി നിക്കോളിന് രഹസ്യബന്ധമുണ്ടെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കോടതിയില്‍ നിന്ന് പുറത്തു വന്ന വിവരങ്ങളനുസരിച്ച് ഈ വര്‍ഷം മേയ് 26നാണ് ഇവര്‍ വിവാഹമോചിതരായത്. നാലുവയസുള്ള മകളുടെ കാര്യത്തില്‍ ഇരുവരും തമ്മില്‍ ധാരണയായതായും വിവരമുണ്ട്.
നിക്കോള്‍ വിവാഹമോചനത്തെ എതിര്‍ത്തില്ലെങ്കിലും ഭര്‍ത്താവിന്റെ പിന്തുണ വേണമെന്ന് അവര്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
വക്കീല്‍ ഫീസ്, സ്വത്ത് വിഭജനം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രഹസ്യ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പാക്കിയതായാണ് സൂചന.
2015ലാണ് സെര്‍ജി ബ്രിന്നും നിക്കോളും കണ്ടുമുട്ടുന്നത്. അതേ വര്‍ഷം തന്നെ ആദ്യഭാര്യയായ ആനി വോസിസ്കിയില് നിന്ന് ബ്രിന്‍ വിവാഹമോചനവും നേടിയ ബ്രിൻ 2018ല്‍ നിക്കോളിനെ വിവാഹം ചെയ്തു.
2021 ഡിസംബറില്‍ വേര്‍പിരിഞ്ഞു താമസിക്കാനാരംഭിച്ച ഇവര്‍ 2022 ജനുവരിയില്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.
ടെസ്ല സിഇഒയും ലോകകോടീശ്വരനുമായ ഇലോണ്‍ മസ്കും നിക്കോളും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്ത വന്ന് ഒരു മാസം പിന്നിടും മുമ്പാണ് ബ്രിന്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങള്‍ നിക്കോളും മസ്കും നിഷേധിച്ചിരുന്നു. താനും സെര്‍ജിയും അടുത്ത സുഹൃത്തുക്കളാണെന്നും പതിവായി പാര്‍ട്ടികളില്‍ ഒരുമിച്ചു പങ്കെടുക്കാറുണ്ടെന്നും നിക്കോളിനെ ആകെ കണ്ടിട്ടുള്ളത് രണ്ടോ മൂന്നോ പ്രാവശ്യമാണെന്നുമായിരുന്നു വിവാദങ്ങളോട് മസ്ക്കിന്റെ പ്രതികരണം.
ഇത് തികച്ചും ദുര്‍ബലമായ ആരോപണമാണെന്നും സുഹൃത്ത് എന്നതില്‍ കവിഞ്ഞ് മസ്ക്കുമായി യാതൊരു അടുപ്പവുമില്ലെന്നുമായിരുന്നു നിക്കോള്‍ പ്രതികരിച്ചത്.
50 വയസുകാരനായ സെര്‍ജി ബ്രിന്‍ ലോകത്തെ ധനികരായ വ്യക്തികളില്‍ ഒമ്പതാമനാണ്. 34 വയസുള്ള നിക്കോള്‍ ഷനഹാന്‍ അഭിഭാഷകയും ബിയ-എക്കോ ഫൗണ്ടേഷന്റെ സ്ഥാപകയുമാണ്.