മുംബൈ: വായ്പാ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്. തന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് നരേഷിന്‍റെ അപ്പിലീലുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പ്രത്യേക കോടതി ഇറക്കിയ ഉത്തരവിനെതിരെയും അപ്പീലില്‍ പരാമര്‍ശമുള്ളതായി റിപ്പോര്‍ട്ട് വന്നിരുന്നു. സെപ്റ്റംബര്‍ 20ന് ജസ്റ്റീസ് രേവതി മോഹിത് ദേരെ, ജസ്റ്റീസ് ഗൗരി ഗോഡ്‌സെ എന്നിവരടങ്ങുന്ന ബെഞ്ച് നരേഷിന്‍റെ അപ്പീലില്‍ വാദം കേള്‍ക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കാനറ ബാങ്കില്‍ നിന്നും 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സെപ്റ്റംബര്‍ ഒന്നിനാണ് നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇഡിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ നരേഷിനെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി.

രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയുടെ ഭാഗമായി 74കാരനായ നരേഷിനെ മുംബൈയിലെ ആര്‍തര്‍ റോഡിലുള്ള ജയിലിലേക്ക് മാറ്റിയിരുന്നു. കാനറ ബാങ്കില്‍ നിന്നും വായ്പയെടുത്ത തുക കള്ളപ്പണ ഇടപാടിലൂടെ വെളുപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം.

കോടതിയില്‍ വച്ച് ഈ ആരോപണങ്ങളെല്ലാം നരേഷ് നിഷേധിച്ചിരുന്നു. ജെറ്റ് എയര്‍വേയ്‌സ് ലിമിറ്റഡിന് നല്‍കിയ 848.86 കോടി രൂപയുടെ വായ്പയിൽ 538.6 കോടി രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ടെന്നും അനുബന്ധ സ്ഥാപനങ്ങളിലേക്ക് ഈ തുക വകമാറ്റിയെന്നുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നരേഷിനെതിരെ സിബിഐയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.