ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരമുള്ള ജില്ലയിലെ ഉറിയില്‍ പുലര്‍ച്ചെ മൂന്നു ഭീകരര്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. ഇവരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടന്നും ഇയാള്‍ പാക്കിസ്ഥാനിലേക്ക് രക്ഷപെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ പോലീസും ആര്‍മി ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ നാലു ദിവസമായി അനന്ത്‌നാഗിലും ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഈ ദിവസങ്ങളില്‍ ഒരു കേണല്‍ ഉള്‍പ്പടെ നാലു സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ വീരമൃത്യു വരിച്ചിരുന്നു. വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ വളയാന്‍ സുരക്ഷാ സേനയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്നും ജമ്മു കാഷ്മീര്‍ പോലീസ് വ്യക്തമാക്കി.

കാഷ്മീരിലെ ബാരാമുള്ളയില്‍ നിന്ന് വെള്ളിയാഴ്ച രണ്ട് ലഷ്‌കര്‍ ഭീകരരെ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് രണ്ട് തോക്കുകളും അഞ്ച് ഗ്രനേഡുകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.