നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഐജിഎന്ടിയു
Friday, September 15, 2023 6:27 PM IST
ഭോപ്പാൽ: മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കുലർ പിൻവലിച്ച് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി(ഐജിഎന്ടിയു).
കേരള സർക്കാരിന്റെയും എംപിമാരുടെയും ഇടപെടലിനെ തുടർന്നാണ് സർവകലാശാല സർക്കുലർ പിൻവലിച്ചത്. എംപിമാരായ വി. ശിവദാസൻ, എ.എ. റഹിം, ടി.എൻ. പ്രതാപൻ തുടങ്ങിയവർ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിനും സർവകലാശാലയ്ക്കും കത്തയച്ചിരുന്നു.
സർക്കുലർ പിൻവലിച്ചതോടെ സർവകലാശാലയിലെത്തിയ മലയാളി വിദ്യാർഥികളെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. അമർകാന്തകിലെ കാമ്പസിൽ പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം.
വ്യാഴം, വെള്ളി ദിവസങ്ങളിൽ സർവകലാശാലയിൽ നടക്കുന്ന യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിംഗിനായി കേരളത്തിൽ നിന്ന് എത്തിയവർക്കുൾപ്പെടെ ഈ ഉത്തരവ് കടുത്ത ദുരിതമാണ് സൃഷ്ടിച്ചത്.