സിനിമാ മന്ത്രിക്ക് പോലും പിടിച്ചില്ല; അലൻസിയറെ തള്ളി സജി ചെറിയാൻ
Friday, September 15, 2023 5:08 PM IST
തിരുവനന്തപുരം: നടന് അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി സജി ചെറിയാന് രംഗത്ത്. സംസ്ഥാന അവാർഡ് വിതരണ വേദിയിൽ നടൻ നടത്തിയ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമാണെന്നും ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവും നടന്റെ പരാമര്‍ശത്തിനെതിരേ രംഗത്തുവന്നിരുന്നു. പുരുഷാധിപത്യ ബോധത്തിന്റെ ബഹിര്‍സ്ഫുരണം എന്നാണ് നടന്റെ പരാമര്‍ശത്തെ മന്ത്രി വിശേഷിപ്പിച്ചത്.
ചലച്ചിത്ര പുരസ്കാര വേദിയില്‍ പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു നടന്റെ വിവാദ പരാമര്‍ശം.
"നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്.
സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും' എന്നായിരുന്നു അലൻസിയറിന്റെ വാക്കുകൾ.