ആന്‍ഡമാനിൽ കേരള കസ്റ്റംസ്, എക്സൈസ് സംഘത്തിന്റെ ലഹരിവേട്ട; 100 കോടിയുടെ ലഹരിമരുന്ന് പിടികൂടി നശിപ്പിച്ചു
Friday, September 15, 2023 10:40 AM IST
കൊച്ചി: ആന്‍ഡമാന്‍ ദ്വീപില്‍ കേരള കസ്റ്റംസ്, എക്സൈസ് സംഘത്തിന്റെ സംയുക്ത ലഹരിവേട്ട. 100 കോടിയുടെ ലഹരിമരുന്ന് പിടികൂടി നശിപ്പിച്ചു. നാല് വര്‍ഷം മുമ്പ് ലഹരിസംഘം മുക്കിയ കപ്പലിലുണ്ടായിരുന്ന ലഹരിമരുന്നാണ് നശിപ്പിച്ചത്.
2019ല്‍ ആന്‍ഡമാന്‍ ദ്വീപിന് സമീപത്ത് വച്ച് പിടിയിലാകുമെന്ന് ഉറപ്പായതോടെ ലഹരിയുമായി സഞ്ചരിച്ച കപ്പല്‍ ലഹരിസംഘം മുക്കുകയായിരുന്നു. ഇതിലുണ്ടായിരുന്ന 4000 കിലോ വരുന്ന മെത്താംഫെറ്റമിന്‍ എന്ന രാസലഹരി ദ്വീപിലേക്ക് എത്തിച്ചെന്ന് എക്സൈസ് സംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ പിടിയിലായ മൂന്ന് മലയാളികളില്‍നിന്നാണ് ഈ വിവരം ലഭിച്ചത്. തീരത്തടിഞ്ഞ ലഹരിമരുന്ന് പ്രദേശവാസികള്‍ സൂക്ഷിച്ചശേഷം വ്യാപമായി കേരളത്തിലേക്ക് ഒഴുക്കുകയാണെന്നും കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കേരള എക്സൈസും കസ്റ്റംസ് പ്രിവന്റീവ് സംഘവും ആന്‍ഡമാനിലെത്തി നടത്തിയ പരിശോധനയിലാണ് തീരത്തോട് ചേര്‍ന്ന് സൂക്ഷിച്ച ജാപ്പനീസ് ബങ്കറില്‍ 100 കോടി രൂപ വിലരുന്ന മെത്താംഫെറ്റമിന്‍ പിടികൂടിയത്.
ഇതിന് പുറമേ രണ്ടരക്കോടി രൂപ വിലവരുന്ന മെത്താംഫെറ്റമിന്‍ പ്രദേശവാസികള്‍ ഭരണകൂടത്തിന് തിരികെ ഏല്‍പ്പിച്ചെന്നും വിവരമുണ്ട്. ആന്‍ഡമാന്‍ കളക്ടര്‍ ആയ മലയാളി ഹരി കഞ്ചിക്കാട്ടിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ലഹരിമരുന്ന് ഭരണകൂടത്തെ ഏല്‍പ്പിക്കാന്‍ ഇവര്‍ തയാറായത്. ഇവിടെ വരും ദിവസങ്ങളിലും സംയുക്ത പരിശോധന തുടരാനാണ് എക്സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റെയും തീരുമാനം.