വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; ഡോ. മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Friday, September 15, 2023 10:15 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗിക അതിക്രമക്കേസിലെ പ്രതി ഡോ. മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഇയാള്‍ക്കെതിരേ യുവ വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. 2019 ഫെബ്രുവരിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് മുതിര്‍ന്ന ഡോക്ടര്‍ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ഡോക്ടര്‍ വെളിപ്പെടുത്തിയത്.
തുടര്‍ന്ന് വനിതാ ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കിയിരുന്നു.
ഡോ. മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വെള്ളിയാഴ്ച മറുപടി സത്യവാംഗ്മൂലം നല്‍കിയേക്കും. പ്രതിക്കെതിരേ സമാന സ്വഭാവമുള്ള പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത കാര്യം പോലീസ് അറിയിക്കും.
2018ല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറും മനോജിനെതിരേ പരാതി നൽകിയിരുന്നു.