കനാൽ ജല തർക്കം; ഹെയ്തിയുമായുള്ള അതിർത്തികൾ അടച്ച് ഡൊമിനിക്കൻ റിപ്പബ്ലിക്ക്
Friday, September 15, 2023 6:48 AM IST
ദജാബോൺ: "മാസകർ' കനാലിലെ ജലം ഹെയ്തി വഴിതിരിച്ചുവിടാൻ നോക്കുന്നെന്ന പരാതിയെത്തുടർന്ന് ഹെയ്തിയുമായുള്ള രാജ്യാന്തര അതിർത്തികളെല്ലാം അടച്ച് ഡൊമിനിക്കൻ റിപ്പബ്ലിക്ക്.
വെള്ളിയാഴ്ച വൈകിട്ട് ആറ്(പ്രാദേശിക സമയം) മുതൽ ഹെയ്തിയുമായുള്ള കര, ജല, ആകാശ അതിർത്തികൾ അടയ്ക്കുമെന്നാണ് ഡൊമിനിക്കൻ റിപ്പബ്ലിക്ക് പ്രസിഡന്റ് ലൂയിസ് അബിനാദർ അറിയിച്ചത്. "ആവശ്യമായ നടപടികൾ' സ്വീകരിക്കപ്പെട്ടതിന് ശേഷം മാത്രമാകും അതിർത്തികൾ തുറക്കുകയെന്നാണ് സർക്കാർ അറിയിപ്പ്. ഹെയ്തിയൻ പൗരന്മാർക്ക് വിസ നൽകുന്നതും നിർത്തിവച്ചു.
രാജ്യാന്തര അതിർത്തി കടന്ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ജോലി ചെയ്യാനായി എത്തുന്ന ദിവസവേതനക്കാർക്ക് കനത്ത തിരിച്ചടിയാണ് ഈ നീക്കം. ചരക്കുഗതാഗതം തടയപ്പെടുന്നതോടെ, സാമ്പത്തികഞെരുക്കം അനുഭവപ്പെടുന്ന ഹെയ്തിക്ക് കൂടുതൽ തിരിച്ചടികൾ ഉണ്ടാകും.
ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന കനാലിലെ വെള്ളം കാർഷികാവശ്യങ്ങൾക്കായി ചാൽ വെട്ടിയെടുത്ത് ഉപയോഗിക്കാനായി ഹെയ്തിയൻ പൗരന്മാർ ശ്രമിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഒരു കാരണവശാലും കനാലിലെ പണികൾ നിർത്തില്ലെന്നാണ് ഹെയ്തിയൻ അധികൃതർ അറിയിച്ചിരിക്കുന്നത്.
സ്പാനിഷ് - ഫ്രഞ്ച് അധിനിവേശക്കാർ മേഖയുടെ അധികാരത്തിനായി നടത്തിയ രക്തരൂക്ഷിത പോരാട്ടം മൂലമാണ് കനാലിന് മാസകർ(കൂട്ടക്കൊല) എന്ന പേര് വീണത്. ഡൊമിനിക്കൻ സൈന്യം 1937-ൽ ഹെയ്തിയൻ വംശജരെ കൊന്നൊടുക്കിയതും ഈ മേഖലയിൽ വച്ചാണ്.