മുംബൈയിൽ ചെറുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി; എട്ട് പേർക്ക് പരിക്ക്
Friday, September 15, 2023 5:24 AM IST
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിൽ പ്രൈവറ്റ് ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറി എട്ട് പേർക്ക് പരിക്കേറ്റു. ആറ് യാത്രികർക്കും രണ്ട് പൈലറ്റുമാർക്കുമാണ് പരിക്കേറ്റത്. പൈലറ്റുമാരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം സംഭവിച്ചത്. വിഎസ്ആർ വെഞ്ചേഴ്സിന്റെ ഉടമസ്ഥതയിലുള്ള ലിയർജെറ്റ് 45 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദിലീപ് ബിൽഡ്കോൺ എന്ന കമ്പനിയിലെ ഉന്നതരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്.
വിശാഖപ്പട്ടണത്ത് നിന്നെത്തിയ വിമാനം മുംബൈയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി റൺവേയിൽ നിന്ന് നിരങ്ങിനീങ്ങിയത്. അപകടത്തിൽപ്പെട്ടവരെ അന്ധേരി ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം 90 മിനിറ്റോളം നിർത്തിവച്ചു. മുംബൈയിലേക്ക് എത്തിയ ചില വിമാനങ്ങൾ ഗോവയിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടു.