സോളാര്‍ കേസ് തിരുവഞ്ചൂരിന്റെ തറവേല, ഗണേഷ് പകല്‍മാന്യൻ: വെള്ളാപ്പള്ളി
Thursday, September 14, 2023 3:12 PM IST
തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കെ.ബി.ഗണേഷ് കുമാറിനെയും വ്യക്തിപരമായി അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്ഥാനത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറവേലയാണ് സോളാര്‍ കേസെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് ശേഷം മുഖ്യമന്ത്രിയാകാന്‍ നടന്ന പുറംപോലെ തന്നെ അകവും കറുത്ത ഒരു മാന്യനുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി തിരുവഞ്ചൂരിനെ വിശേഷിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കൂടെ നിന്ന് മന്ത്രിയായതിന് ശേഷം പിന്നീട് ഇദ്ദേഹം കാലുവാരി. സ്ഥാനത്തിന് വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്.
കൊല്ലം ജില്ലയില്‍ നിന്നുള്ള ഒരു എംഎല്‍എ കഴിഞ്ഞ മന്ത്രിസഭയില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിയാക്കാത്തതിന്റെ പ്രതികാരത്തില്‍ എന്തെല്ലാം വൃത്തികേടുകളാണ് ചെയ്തതെന്നും ഗണേഷ് കുമാറിനെക്കുറിച്ച് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
സമ്പത്തിനോടും സ്ത്രീകളോടും ആസക്തിയുള്ള പകല്‍മാന്യനാണ് ഗണേഷ് കുമാറെന്നും അങ്ങനെയുള്ള ഒരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ജനാധിപത്യത്തിന്റെ അപചയമായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളമാണ്. തന്റെ പേരെന്തിനാണ് ഇതിലേയ്ക്ക് വലിച്ചിഴച്ചതെന്ന് അറിയില്ല. ഫെനി ഭൂലോക തട്ടിപ്പുകാരന് ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ കൂടെ നിന്ന പഴയ മന്ത്രിമാരില്‍ ചില ആളുകളും അദ്ദേഹത്തെ വേട്ടയാടാന്‍ ശ്രമിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചു.