കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് ആശ്വാസം: സുപ്രധാന വിധിയുമായി സുപ്രീം കോടതി
വെബ് ഡെസ്ക്
Thursday, September 14, 2023 11:52 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് ആശ്വാസം പകരുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഈ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാവില്ലെന്നും നികുതി ഇളവിന് അര്‍ഹതയുണ്ടെന്നും ജസ്റ്റീസ് ബി.വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് ഉത്തരവിറക്കി.
കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജിയിലാണ് വിധി. 2008 മുതലുള്ള നികുതി ഈ ബാങ്കുകള്‍ അടയ്ക്കണമെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.
ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ആശ്വാസമാണ് ലഭിക്കുക. കേരളത്തിലെ 74 ബാങ്കുകള്‍ക്ക് 600 കോടി രൂപയുടെ നികുതി ഇളവാണ് ഉത്തരവിലൂടെ ലഭിക്കുന്നത്.
കേരള ഹൈക്കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സൊസൈറ്റി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു.