പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പോലീസിന് വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും
Thursday, September 14, 2023 10:21 AM IST
തിരുവനന്തപുരം: പൂവച്ചലില്‍ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കാട്ടാക്കട പോലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും. എഎസ്പി സുല്‍ഫിക്കര്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്.നിശാന്തിനി അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും നടപടി വൈകിയെന്ന പരാതിയിലാണ് അന്വേഷണം. ബന്ധുക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയെങ്കിലും പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ് പോലീസ് ഇതേക്കുറിച്ച് പരിശോധിക്കാന്‍ തയാറായതെന്നാണ് ആരോപണം.
പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ എ.അരുണ്‍കുമാറിന്റെയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകന് ആദിശേഖര്‍ (15) ആണ് ബന്ധുവായ യുവാവ് ഓടിച്ച ഇലക്ട്രിക് കാറിടിച്ച് മരിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രതി പ്രിയരഞ്ജനെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തത്.
എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന കാര്യം വ്യക്തമാവുകയായിരുന്നു. ക്ഷേത്രപരിസരത്ത് പ്രതി മൂത്രം ഒഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.