അംബേദ്കറെ അധിക്ഷേപിച്ചു; ആർഎസ്എസ് ചിന്തകൻ ആർ.ബി.വി.എസ് മണിയൻ അറസ്റ്റിൽ
Thursday, September 14, 2023 8:08 AM IST
ചെന്നൈ: ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറിനും ദാർശനികനായ തിരുവള്ളുവരിനും എതിരെ അധിക്ഷേപ പരാമർശം നടത്തിയ തമിഴ്നാട്ടിലെ ആധ്യാത്മികപ്രഭാഷകനും വിശ്വഹിന്ദുപരിഷത്ത് നേതാവുമായ ആർ.ബി.വി.എസ് മണിയൻ അറസ്റ്റിൽ. ജാതിമേൽക്കോയ്മയുടെ മഹത്ത്വം വിവരിച്ചുകൊണ്ട് മണിയൻ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇന്ത്യൻ ഭരണഘടന തയാറാക്കിയത് അംബേദ്കറാണെന്നു പറയുന്നത് അസംബന്ധമാണെന്ന് അദ്ദേഹത്തെ ജാതിപറഞ്ഞ് അധിക്ഷേപിച്ചുകൊണ്ട് മണിയൻ വാദിക്കുന്നു. ഭരണഘടന തയ്യാറാക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷൻ രാജേന്ദ്രപ്രസാദായിരുന്നു. അതിൽ ഒരു ഗുമസ്തന്റെ പണിമാത്രമാണ് അംബേദ്കറെടുത്തതെന്നും മണിയൻ അധിക്ഷേപിക്കുന്നു.
പലരും നടത്തിയ പ്രസംഗങ്ങൾ പകർത്തിയെഴുതുമ്പോൾ തെറ്റുവരാതെ നോക്കുക എന്നതായിരുന്നു അംബേദ്കറുടെ ജോലി. തമിഴ്നാട്ടിലെ വിസികെ നേതാവ് തിരുമാവളവൻ താൻ അംബേദ്കറുടെയാളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുവരും രണ്ടുവിഭാഗക്കാരാണെന്ന് രണ്ടുപേരുടെയും ജാതി എടുത്തുപറഞ്ഞുകൊണ്ട് മണിയൻ പ്രസംഗത്തിൽ പറയുന്നു.
തമിഴ്ജനത ആരാധിക്കുന്ന തിരുവള്ളുവർ ജീവിച്ചിരുന്നിട്ടേയില്ലെന്നും ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവായ മണിയൻ പറയുന്നുണ്ട്. സനാതനധർമം പിന്തുടരുന്നവരാണ് തങ്ങളെന്നും ഇന്ത്യയെ രക്ഷിക്കാൻ നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രമേ കഴിയുകയുള്ളൂവെന്നും വിഎച്ച്പി മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന മണിയൻ അവകാശപ്പെടുന്നു.